കർഷകർ നേരിടുന്ന പ്രശ്നങ്ങൾ കൃഷിമന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞു. പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശക്തമായ മഴയുണ്ടാകുകയും വലിയ തോതിൽ കൃഷിനാശവും സാമ്പത്തിക നഷ്ടവും സംഭവിക്കുകയും ചെയ്തതായി കർഷകർ മന്ത്രിമാരോടും ജനപ്രതിനിധികളോടും വിശദീകരിച്ചു. ഓരോ മഴക്കെടുതിയിലും മടവീഴ്ച ആവർത്തിക്കുകയാണെന്നും ഇതിന് ശാശ്വത പരിഹാരം വേണമെന്നും കർഷകർ ആവശ്യപ്പെട്ടു. ക്യാംപുകളിലെ കർഷകരുടെ പരാതികൾ കേട്ട മന്ത്രി, സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. തുടർന്ന് ബോട്ടിൽ മടവീഴ്ചയുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച കൃഷിമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. മടവീഴ്ചയിൽ കനത്ത നാശനഷ്ടമുണ്ടായ പുളിങ്കുന്ന് പഞ്ചായത്തിലെ വടക്കേകരി മാടതാനികരി പാടശേഖരം, തെക്കേമതി കായൽ പാടം, തെക്കെ മണപ്പിള്ളി പാടശേഖരം എന്നിവിടങ്ങളിലും മന്ത്രി എത്തി. ഇവിടങ്ങളിൽ മാത്രം 400 ഏക്കർ കൃഷി നശിച്ചതായാണ് കണക്ക്. നഷ്ടം നേരിട്ട കർഷകരെ സർക്കാർ ചേർത്തുപിടിക്കു മെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. “കർഷകന്റെ അധ്വാനമാണ് പാഴായത്. 45 ദിവസം പ്രായമായ നെൽച്ചെടികളാണ് നശിച്ചത്. കർഷകന്റെ കണ്ണീർ കാണാതിരിക്കാനാവില്ല”, മന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. നാടിനെ അന്നമൂട്ടുന്ന കുട്ടനാട്ടിലെ കർഷകരെ സഹായിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ബണ്ട്, ട്രാക്ടർ റോഡ് എന്നിവയുടെ പുനഃക്രമീകരണം, വെള്ളം ഒഴുക്കിക്കളഞ്ഞ് പാടശേഖരം വൃത്തിയാക്കുന്നതിനുള്ള പമ്പ് സെറ്റ്, വൈദ്യുതി തുടങ്ങിയ വിഷയങ്ങളിൽ വിവിധ വകുപ്പുകളുമായി ചർച്ച നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൃഷിനാശം നേരിട്ട കർഷകർക്ക് പുനഃകൃഷി നടത്തുന്നതിനായി പലിശരഹിത വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും. സഹകരണ, ധനകാര്യ വകുപ്പുകളുടെ സഹകരണത്തോടെയാണ് യോഗം. സഹകരണ വകുപ്പ് മന്ത്രി എം. ലിജുവും യോഗത്തിൽ പങ്കെടുക്കും. കേരള ബാങ്ക്, നബാർഡ്, ഷെഡ്യൂൾഡ് ബാങ്കുകൾ എന്നിവയുടെ പ്രതിനിധികൾ, സഹകരണ-ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സംസ്ഥാന കാർഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.