ആദ്യം ജയിലിൽ നിന്ന് രക്ഷപ്പെട്ടു, പിന്നാലെ ആധാർ തേടി സ്റ്റേഷനിലെത്തി… പിന്നെ സംഭവിച്ചത്


കൊച്ചി: ആലുവ സബ് ജയിലിൽനിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതി ആധാർ കാർഡ് അന്വേഷിച്ച് വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ പൊലീസ് തിരിച്ചറിയുമോയെന്ന ഭയത്തിൽ ആധാർ വാങ്ങാതെ ഇയാൾ ഓടിരക്ഷപ്പെട്ടു. അസം ധേമാജി സ്വദേശി മധുർജ്യ സോനോവാൾ (28) ആണ് വീണ്ടും പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടത്.

എടത്തല വ്യവസായ മേഖലയിലെ തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽനിന്ന് ഒൻപത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലാണ് കഴിഞ്ഞ മാസം 23ന് സോനോവാളിനെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തത്. മോഷ്ടിച്ച ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പെരുമ്പാവൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. മോഷണം നടന്നത് എടത്തലയിലായതിനാൽ കേസ് പിന്നീട് എടത്തല പൊലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സോനോവാൾ ആലുവ സബ് ജയിലിൽനിന്ന് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ സംശയം. മറ്റ് തടവുകാർക്കൊപ്പം കുളിക്കാനും ശുചിമുറിയിൽ പോകാനുമായി പുറത്തിറക്കിയ സമയത്ത് പണിനടന്നുകൊണ്ടിരുന്ന അടുക്കളയുടെ ഭിത്തിയിൽ കയറി പിൻവശത്തെ മതിൽ ചാടിയാണ് ഇയാൾ രക്ഷപ്പെട്ടത്. മഞ്ഞ ടീ ഷർട്ടും കാവിമുണ്ടുമായിരുന്നു ധരിച്ചിരുന്നത്. ജയിൽ ചാടിയതിന് പിന്നാലെ അടുത്ത ദിവസമാണ് പ്രതി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. പിടികൂടിയ സമയത്ത് ഇയാളുടെ കൈവശമുണ്ടായിരുന്ന ആധാർ കാർഡ് സ്റ്റേഷനിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

എന്നാൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തന്നെ തിരിച്ചറിയുമോയെന്ന് ഭയന്ന് ആധാർ വാങ്ങാതെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഏതാനും നിമിഷങ്ങൾ മാത്രമാണ് പ്രതി സ്റ്റേഷനിൽ ഉണ്ടായിരുന്നത്. പിന്നാലെ പൊലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട ശേഷം പെരുമ്പാവൂരിലെ ഒരു മൊബൈൽ കടയിലെത്തി പണം വായ്പ ചോദിച്ചതായും വിവരമുണ്ട്. എന്നാൽ കടയുടമ പണം നൽകാൻ തയ്യാറായില്ല. 57 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ആലുവ സബ് ജയിലിൽ നിലവിൽ 114 തടവുകാരാണുള്ളത്. ആകെ 17 ജീവനക്കാരാണ് ജയിലിലുള്ളത്. ഇതിൽ മൂന്ന് പേർ ഓഫീസ് ജോലികൾ ചെയ്യുന്നു. ബാക്കിയുള്ള ജീവനക്കാരാണ് രണ്ട് ഷിഫ്റ്റുകളിലായി കാവൽ നിൽക്കുന്നത്. ജയിൽ ചാടിയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
أحدث أقدم