കനത്ത മഴയിൽ തോടിന് അടിയിൽ തുരുതുരാ ‘മിന്നൽ’; പരിഭ്രാന്തിയിൽ നാട്ടുകാർ, ഒടുവിൽ ഫയർ ഫോഴ്സ് എത്തി " സാധനം" എടുത്തു !



        

കനത്ത മഴയ്ക്കിടെ ജലനിരപ്പ് ഉയർന്ന തോടിന് അടിയിൽ നിന്നുള്ള മിന്നൽ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. മഴയും വെള്ളക്കെട്ടും മൂലമുള്ള രക്ഷാപ്രവർത്തനത്തിനിടെയാണ് അഗ്നിരക്ഷാസേനയെ വലച്ച ഫോൺ സന്ദേശം എത്തുന്നത്. എറണാകുളം ജില്ലയിലെ പിറവം പാലച്ചുവടിലാണ് സംഭവം.പുലർച്ചെ 12.15 ഓടെയാണ് പാലച്ചുവട് ആനിത്തോട്ടിൽ വെള്ളത്തിൽ നിന്നും പ്രകാശം കാണുന്നതായി ഫയർഫോഴ്‌സ് ഓഫീസിൽ ഫോൺ സന്ദേശം ലഭിക്കുന്നത്. ആരെങ്കിലും സ്‌കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണതായിരിക്കാമെന്ന സംശയവും ഫോൺ വിളിച്ചയാൾ സൂചിപ്പിച്ചു.

ഇതോടെ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്ത് കുതിച്ചെത്തി. ഇതേസമയം നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. തോടിന്റെ ആഴവും കുത്തൊഴുക്കും മൂലം ആരും വെള്ളത്തിലിറങ്ങാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ഫയർഫോഴ്‌സ് അംഗങ്ങളായ മഹേഷും ബാബുവും തോട്ടിലിറങ്ങി മുങ്ങിത്തപ്പി.


തിരച്ചിലിൽ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ വസ്തു ഉദ്യോഗസ്ഥർ കണ്ടെടുത്തു. ശക്തമായ മഴയിൽ ഒഴുകി വന്ന എൽഇഡി ബൾബാണ് വെള്ളത്തിനടിയിൽ മിന്നി നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയത്. ഇത്തിരിക്കുഞ്ഞൻ ബൾബാണ് തങ്ങളെ ആശങ്കയുടെ മുൾമുനയിലാക്കിയതെന്ന വിവരം അറിഞ്ഞതോടെ, നാട്ടുകാരുടെ ആശങ്ക ആശ്വാസത്തിന് വഴിമാറി

أحدث أقدم