കൊല്ലം: കിടപ്പറ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ യുവാവിനെ കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. 4 വയസ്സുകാരിയായ മകളുടെ മുന്നിൽവച്ച് ഭർത്താവ് ലൈംഗികവൈകൃതം കാണിച്ചെന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തി. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകിയതിനെ തുടർന്നാണ് പോക്സോ വകുപ്പ് കൂടി ചുമത്തിയത്.
വിദേശത്ത് ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് ഭർത്താവ് തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് കൈമാറിയെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമായി മർദിച്ചെന്നുമാണ് യുവതിയുടെ പരാതി. ഏറെ വർഷങ്ങളായി യുകെയിൽ താമസിച്ചിരുന്ന ദമ്പതികൾ കഴിഞ്ഞ 14-നാണ് നാട്ടിലെത്തിയത്. യുകെയിൽ വച്ചാണ് സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് കൈമാറിയതെന്നും യുവതി മൊഴി നൽകി. കിടപ്പറ ദൃശ്യങ്ങൾ നിരന്തരം പകർത്തുകയും കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്നും മറ്റു പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും മൊഴിയുണ്ട്.
ഭർത്താവിന്റെ പെരുമാറ്റത്തിൽ സഹികെട്ട് യുവതി സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. കൗൺസലിങ്ങിലൂടെ ഭർത്താവിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പിന്നീട് നാട്ടിലേക്ക് മടങ്ങിയതെന്നും യുവതി പറഞ്ഞു. നാട്ടിലെത്തിയശേഷം ഭർത്താവിനെ കൗൺസലിങ്ങിന് വിധേയമാക്കിയെങ്കിലും പിന്നീട് വീണ്ടും മർദനം ഉണ്ടായതായും യുവതി മൊഴി നൽകിയിട്ടുണ്ട്. 10 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. കുടുംബജീവിതത്തിൽ താൽപര്യമില്ലെന്നും സ്വതന്ത്രനായി ജീവിക്കണമെന്നുമാണ് കൗൺസലിങ്ങിനിടെ ഭർത്താവ് പറഞ്ഞതെന്നും യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൊട്ടിയം പൊലീസ് അന്വേഷണം തുടരുകയാണ്.