
നടി രശ്‌മികക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഡാൻസ്-ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ താരം വീണെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചതായും നടിക്ക് വിദഗ്ധ ചികിത്സ നൽകിവരുന്നതായും വിവരമുണ്ട്.
അപകടം ‘രണബാലി’യുടെ സെറ്റിലാണോ ‘മൈസ’യുടെ സെറ്റിലാണോ സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
രശ്മികയ്ക്ക് നീണ്ട കാലത്തേക്ക് വിശ്രമം ആവശ്യമായിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തീവ്രമായി പരിശീലനം നടത്തുന്ന പ്രൊഫഷണൽ അത്‌ലറ്റുകൾക്ക് വരാനിടയുള്ള പരിക്കാണ് രശ്മികയ്ക്ക് സംഭവിച്ചത്.
അഭിനേതാക്കൾക്ക് ഇത്തരം പരിക്ക് അപൂർവമാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ആറ് ആഴ്ചത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. രശ്മിക പൂർണമായും സുഖപ്പെട്ട ശേഷം മാത്രമായിരിക്കും സിനിമാ ചിത്രീകരണം പുനരാരംഭിക്കുക.