പാർഥസാരഥിക്ക് മുന്നിൽ ജലരാജാക്കൻമാർ… ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന് ആവേശത്തുടക്കം



ആറന്മുള: പാർഥസാരഥിക്ക് മുന്നിൽ ജലരാജാക്കൻമാർ അണിനിരന്നു. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന് ആവേശത്തുടക്കം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ജലഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പാർഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം കൂടിയാണ് ഇന്ന്. ക്ഷേത്ര ശ്രീകോവിലിൽനിന്നുള്ള ദീപം രാവിലെ ഒൻപതോടെ സത്രപ്പവിലിയനിൽ എത്തിച്ചു. കലക്ടർ എ. നിസാമുദ്ദീൻ പതാക ഉയർത്തി.

പമ്പയുടെ ഓളങ്ങളിലൂടെ പള്ളിയോടങ്ങൾ കുതിച്ചുപായുന്ന മത്സര വള്ളംകളിക്ക് വൈകിട്ട് മൂന്നോടെ തുടക്കമായി. ആകെ 51 പള്ളിയോടങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളുമാണുള്ളത്. ആദ്യം ബി ബാച്ച് മത്സരങ്ങളും പിന്നാലെ എ ബാച്ച് മത്സരങ്ങളുമാണ് നടക്കുക. ഹീറ്റ്സിൽ കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് പള്ളിയോടങ്ങൾ ഫൈനലിൽ ഏറ്റുമുട്ടും. എ, ബി ബാച്ചുകളിലെ ഒന്നാം സ്ഥാനക്കാർക്ക് മന്നം ട്രോഫി സമ്മാനിക്കും. ഏറ്റവും മികച്ച രീതിയിൽ പാടി, കളിച്ച്, തുഴയുന്ന ടീമിന് ആർ. ശങ്കർ മെമ്മോറിയൽ ട്രോഫിയും നൽകും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആറന്മുളയിലും സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തിയും വഞ്ചിപ്പാട്ടിന്റെ താളവും മത്സര ആവേശവും ഒരുമിക്കുന്ന ജലോത്സവത്തിന് വൻ ജനാവലിയാണ് സാക്ഷ്യം വഹിക്കുന്നത്.

Previous Post Next Post