ഓബർസുൽ: ഹൈൽബ്രോണിലെ ബ്രൈറ്റൻ ഔവർ തടാകത്തിൽ നീന്താനിറങ്ങിയ മലയാളി മുങ്ങിമരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി രാഹുൽ നാരായണൻ (29) ആണ് മരിച്ചത്. ഭാര്യയോടൊപ്പം ജോലി സംബന്ധമായി ഡപ്യൂട്ടേഷനിൽ ഹൈൽബ്രോണിൽ എത്തിയപ്പോഴായിരുന്നു ദാരുണാന്ത്യം. കോയമ്പത്തൂരിലെ ബോഷ് കമ്പനിയിൽ എൻജിനീയറായിരുന്നു.
ജൂലൈ 24 വെള്ളിയാഴ്ച വൈകുന്നേരമാണ് രാഹുൽ തടാകത്തിൽ നീന്താനിറങ്ങിയത്.
ഇന്ന് (ഓഗസ്റ്റ് 1)
നാട്ടിലെത്തിക്കുന്ന ഭൗതിക ശരീരം രാത്രി 10
മണിയ്ക്ക് സംസ്കരിക്കും.
കൊടുങ്ങല്ലൂർ ലോകമലേശ്വരം മാളക്കാരൻ ഉണ്ണികൃഷ്ണന്റെയും,
ദയയുടെയും മകനാണ്. ഭാര്യ:
വർഷ പുല്ലൂർ (തൃശ്ശൂർ).
സഹോദരൻ: ആദിത്യ.
നീന്തുന്നതിനിടെ മുങ്ങിതാഴ്ന്ന രാഹുൽ കൈകൾ ഉയർത്തി സഹായത്തിനായി അപേക്ഷിക്കുകയും, സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ രക്ഷിക്കുകയും ചെയ്. കരയിലെത്തിച്ച ഉടൻതന്നെ രാഹുലിന് പ്രഥമശുശ്രൂഷയും സിപിആറും നൽകുകയും തുടർന്ന് സ്ഥലത്തെത്തിയ പാരാമെഡിക്സ് സംഘം ഉടൻതന്നെ എസ്എൽകെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തീരത്തോട് ചേർന്ന് ആഴമില്ലാത്ത മേഖലയിലായിരുന്നിട്ടും രാഹുൽ എങ്ങനെയാണ് അപകടത്തിൽപ്പെട്ടത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോഷ് കമ്പനിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ജർമനിയിൽ നിന്നുള്ള ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലിയും നാട്ടിലെത്തിക്കാനുള്ള നടപടികളിൽ ഇടപെട്ടിരുന്നു