മോഷണക്കേസിൽ പിടിയിലായ പ്രതി പൊലീസ് സ്റ്റേഷനിൽ…


പാലാ: മോഷണക്കേസിൽ പിടിയിലായ പ്രതി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാമപുരം വെള്ളിയേപ്പള്ളി പേഴത്തിനാൽ വിഷ്ണു (19) ആണ് കത്രിക ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മുറിവ് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ പ്രതിയെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാലാ ജനറൽ ആശുപത്രിയിലെ ക്യാഷ് കൗണ്ടർ തകർത്ത് അകത്തുകയറി പണം മോഷ്ടിച്ച കേസിലാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഉച്ചയോടെയാണ് പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനും കോടതിയിൽ ഹാജരാക്കുന്നതിനുമുള്ള നടപടികൾ പൊലീസ് സ്വീകരിക്കുന്നതിനിടെയാണ് സംഭവം. സ്റ്റേഷനുള്ളിൽ ഇരിക്കുകയായിരുന്ന പ്രതി മേശപ്പുറത്തുണ്ടായിരുന്ന ചെറിയ കത്രിക പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടാതെ എടുത്ത് കഴുത്തിൽ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. സംഭവം കണ്ട പൊലീസുകാർ പ്രതിയെ തടയാൻ ശ്രമിച്ചപ്പോൾ അവർക്കെതിരെയും ആക്രമിക്കാൻ ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്

ഓഗസ്റ്റ് നാലിന് വൈകിട്ടാണ് പാലാ ജനറൽ ആശുപത്രിയിൽ മോഷണം നടന്നത്. സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് കൂടെ നിൽക്കുകയായിരുന്ന വിഷ്ണു, ആശുപത്രിയുടെ മുകൾനിലയിലെ കൗണ്ടറിൽ ആളില്ലാത്ത സമയം നോക്കി ഗ്രിൽ തകർത്ത് അകത്തുകയറി പണം കവർന്നെന്നാണ് കേസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിരുന്നു. രാമപുരത്ത് വൃദ്ധയെ പീഡിപ്പിച്ച കേസിലും കഞ്ചാവ് വിൽപ്പന കേസിലും വിഷ്ണു പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

Previous Post Next Post