ഓളപ്പരപ്പിൽ തീപാറും പോരാട്ടം… ആദ്യ മൂന്ന് ഹീറ്റ്സിൽ വീയപുരം, ചമ്പക്കുളം, മേൽപ്പാടം…



ആലപ്പുഴ: പുന്നമടയിലെ ഓളപ്പരപ്പിൽ ആവേശം വാനോളമുയർത്തി 72ാമത് നെഹ്റു ട്രോഫി വള്ളംകളി. ചുണ്ടൻ വള്ളങ്ങളുടെ ആദ്യ മൂന്ന് ഹീറ്റ്സുകളിൽ വീയപുരം, ചമ്പക്കുളം, മേൽപ്പാടം ചുണ്ടനുകൾ ഒന്നാമതെത്തി. ആദ്യ ഹീറ്റ്സിൽ യുബിസി കൈനകരി ഫാൻസ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ തവണ വീയപുരത്തിന് കിരീടം സമ്മാനിച്ച വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ തലവടി ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. ഐബിആർഎ കൊച്ചിൻ തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാമതും കുമരകം കെടിബിസി ഫാൻസ് ക്ലബ് തുഴഞ്ഞ കരുവാറ്റ ശ്രീ വിനായകൻ നാലാമതും ഫിനിഷ് ചെയ്തു.

രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. മൂന്നാം ഹീറ്റ്സിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടനാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് ജലമേളയ്ക്ക് തുടക്കമായത്. മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായി. ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങൾക്ക് പിന്നാലെയാണ് ചുണ്ടൻ വള്ളങ്ങളുടെ ആവേശപ്പോരാട്ടം. അവസാന ഘട്ടത്തിലാണ് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നടക്കുക. ഇത്തവണ 21 ചുണ്ടൻ വള്ളങ്ങളാണ് കിരീടത്തിനായി മത്സരിക്കുന്നത്

Previous Post Next Post