
പത്തനംതിട്ട: അമ്മയെ മർദ്ദിച്ചുകൊലപ്പെടുത്തി മോർച്ചറിയിൽ എത്തിച്ച സംഭവത്തിൽ മകൻ ടിജോ തോമസിലേക്കും കൂട്ടുകാരി റിൻസിമോളിലേക്കും പൊലീസിനെ എത്തിച്ചത് ഒരു ഫോൺസന്ദേശം. ‘പൊന്നമ്മയുടെ മൃതശരീരം ഒന്നുപോയിക്കാണണം’ എന്നായിരുന്നു ബുധനാഴ്ച രാവിലെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച സന്ദേശം. സന്ദേശം നൽകിയതാരെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും ബന്ധുക്കളിൽ ആരെങ്കിലുമാകാമെന്നാണ് സൂചന.
കടപ്ര കാഞ്ഞിരംനിൽക്കുന്നതിൽ പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ടതാണെന്നും മകൻ ടിജോ തോമസിന് സംഭവത്തിൽ പങ്കുണ്ടെന്നുമുള്ള സൂചനയാണ് ഫോൺസന്ദേശം നൽകിയത്. നേരിട്ട് ആരോപണം ഉന്നയിച്ചിരുന്നില്ലെങ്കിലും സന്ദേശം കേസിൽ നിർണായക തുമ്പായി. ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം തിരുവല്ല ഡിവൈ.എസ്.പി. പി.ആർ. സന്തോഷിന്റെയും കോയിപ്രം എസ്.എച്ച്.ഒ. പങ്കജ് കൃഷ്ണന്റെയും നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ബന്ധുക്കളെയും അയൽവാസികളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ടിജോയും റിൻസിമോളും പ്രതികളാണെന്ന സൂചന ലഭിച്ചത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച രാത്രിയിലുണ്ടായ വഴക്കിനിടെ തടസ്സം പിടിക്കാനെത്തിയ പൊന്നമ്മയെ ടിജോ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൊന്നമ്മയെ ചൊവ്വാഴ്ച രാവിലെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊന്നമ്മയുടെ ദേഹത്ത് പരിക്കുകളുണ്ടായിരുന്നെങ്കിലും മർദ്ദനമാണ് മരണകാരണമെന്ന് ആശുപത്രിയിലെത്തിച്ച സമയത്ത് ഡോക്ടർക്ക് മനസ്സിലായില്ലെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യം ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണ്.
അതേസമയം, ടിജോയ്ക്ക് കടുത്ത മദ്യപാനവും ലഹരി ഉപയോഗവും ഉണ്ടായിരുന്നെന്നും ബന്ധുക്കളിൽനിന്ന് അകന്നുകഴിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പുണെയിൽ നഴ്‌സായ ഭാര്യയെ കാണാൻ പോയപ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ റിൻസിമോളെ ടിജോ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുപ്പത്തിലായി. റിൻസിമോളെ നാട്ടിലെത്തിച്ച ടിജോ അവർക്ക് താമസിക്കാൻ ഫ്ലാറ്റും ഏർപ്പെടുത്തിയിരുന്നു. ബന്ധം ടിജോയുടെ ഭാര്യ അറിഞ്ഞതിനെ തുടർന്ന് ആറുമാസം മുമ്പ് അവർ വീടുവിട്ടുപോയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് രോഗബാധിതയായ അമ്മയെ പരിചരിക്കാൻ ഹോംനഴ്സെന്ന വ്യാജേന റിൻസിമോളെ വീട്ടിലെത്തിച്ചതായും പൊലീസ് കണ്ടെത്തി. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട് ടിജോയും റിൻസിമോളും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നും അന്വേഷണസംഘം പറയുന്നു. ഒരു ഫോൺസന്ദേശത്തിൽനിന്ന് തുടങ്ങിയ അന്വേഷണം ഒടുവിൽ അമ്മയുടെ മരണത്തിന് പിന്നിലെ ദുരൂഹതയിലേക്കാണ് എത്തിയത്.