യു.പി.ഐ ഇടപാടുകൾക്ക് ഉപഭോക്താക്കളിൽനിന്ന് ചാർജ് ഈടാക്കില്ല; വ്യാപാരി നിരക്കിലും വ്യക്തത വരുത്തി നിർമലാ സീതാരാമൻ




ന്യൂഡൽഹി: രാജ്യത്ത് യു.പി.ഐ. ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. റോഡരികിലെ ചെറുകിട കച്ചവടക്കാരുടേതുൾപ്പെടെ ഭൂരിഭാഗം വ്യാപാരി ഇടപാടുകൾക്കും നിലവിലെ രീതിയിൽ ചാർജ് ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയിൽ വ്യാപാരി ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തിയാലും അത് ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രമായിരിക്കുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ.) സംബന്ധിച്ച ചട്ടക്കൂട് ഇതുവരെ അന്തിമമാക്കിയിട്ടില്ല. എന്നാൽ യു.പി.ഐ. ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽനിന്ന് ഇടപാട് ചാർജ് ഈടാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. നികുതിയും മറ്റു നിയമങ്ങളും ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന്മേലുള്ള രാജ്യസഭാ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അവർ. ഓരോ ഇന്ത്യക്കാരനും അധിക ഇടപാട് ചെലവില്ലാതെ തൽക്ഷണ ഡിജിറ്റൽ പണമിടപാടുകൾ നടത്താനുള്ള സൗകര്യം തുടരുമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.

യു.പി.ഐ.യുടെ വളർച്ചയെക്കുറിച്ച് സംസാരിക്കവൈ മുൻ ധനമന്ത്രി പി. ചിദംബരത്തെയും മന്ത്രി വിമർശിച്ചു. യു.പി.ഐ. അവതരിപ്പിച്ച സമയത്ത് ചിദംബരവും സഖ്യകക്ഷികളും സംവിധാനത്തെ പരിഹസിക്കുകയും രാജ്യത്തിന്റെ സാങ്കേതിക ശേഷിയെ ചോദ്യം ചെയ്യുകയും ചെയ്‌തുവെന്ന് അവർ പറഞ്ഞു. ഇന്ന് ഇന്ത്യയുടെ യു.പി.ഐ. സംവിധാനം രാജ്യത്തിന് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്.

നിലവിൽ 11 രാജ്യങ്ങളിൽ യു.പി.ഐ. സേവനം ലഭ്യമാണെന്നും നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി.
Previous Post Next Post