
മലപ്പുറം ജില്ലയിലെ വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് വയസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശിയായ അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ മുഹൈനിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ആലപ്പുഴയിൽ നിന്ന് മാതാവിന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ കുടുംബത്തോടൊപ്പമായിരുന്നു കുട്ടി. ശക്തമായ ഒഴുക്കിൽപ്പെട്ട കുട്ടിക്കായി ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർച്ചയായ മഴയെ തുടർന്ന് തോടുകളിലും പുഴകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കുട്ടികളടക്കമുള്ളവർ ജലാശയങ്ങൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി