മറ്റക്കര : ബിജെപി അകലക്കുന്നം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുവന്നപ്ലാവ് പാലം, പടിഞ്ഞാറെപാലം, വാഴപ്പള്ളി പാലം എന്നിവ വീതി കൂട്ടി പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ചുവന്നപ്ലാവ് പാലത്തിന് സമീപം ധർണ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാർ അധ്യക്ഷനായ യോഗം ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറി ശ്രീ ബി ആർ മഞ്ജീഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കഴിഞ്ഞ അൻപത്തിയാറ് വർഷമായി കോൺഗ്രസ്സ് ഭരിച്ചു കൊണ്ടിരിക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലാണ് ഈ പാലങ്ങൾ സ്ഥിതി ചെയ്യുന്നത് എന്ന് അദ്ദേഹം ചൂണ്ടി കാട്ടി. നിരവധി കുട്ടികൾ സ്കൂളിൽ പോകുന്ന പ്രധാന പാതയാണ് ഇത്. 75 വർഷങ്ങൾക്ക് മുൻപ് പണികഴിച്ച പാലമാണ് ഇത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.ഏകദേശം 15 വർഷങ്ങൾക്ക് മുൻപ് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി സാർ ചുവന്നപ്ലാവ് പാലം പുതുക്കി പണിയുന്നതിനായി മൂന്നര കോടി രൂപ അനുവദിച്ചതായി പാലത്തിനു സമീപം ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. പിന്നീട് അതെപ്പറ്റി ഒരു സംസാരം പോലുമുണ്ടായില്ല എന്ന് ശ്രീ മഞ്ജീഷ് പറയുകയുണ്ടായി. ബിജെപി അയർകുന്നം മണ്ഡലം പ്രസിഡന്റ് സി ജി ഗോപകുമാർ യോഗത്തിന് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. മറ്റക്കരയിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് കാരണം പന്നഗം തോട്ടിൽ അശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്ന തടയണകൾ ആണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ പാലങ്ങൾ പുനർ നിർമ്മിക്കുന്നത് വരെ ബിജെപി പ്രതിഷേധ സമരങ്ങൾ തുടരും എന്ന് അദ്ദേഹം പറഞ്ഞു. മഹിളാ മോർച്ച ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ശ്രീമതി മഞ്ജു പ്രദീപ്, മണ്ഡലം ജനറൽ സെക്രട്ടറി വിമൽ വി ഗോപാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഡി പ്രസാദ്, പ്രദീപ് എം പി, ജനറൽ സെക്രട്ടറി നന്ദു എം നായർ എന്നിവർ സംസാരിച്ചു. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സ്മിത ബാബു, ട്രഷറർ അനില സുരേഷ്,ജയശ്രീ വേണുഗോപാൽ, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ ആർ ഗോപി, എസ് സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രാജീവ്, സിന്ധു രാജീവ്, സതീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.