അർഹരായ വിദ്യാർഥികൾക്ക് പഠനസൗകര്യം… ‘പഠനമുറി’ പദ്ധതിയിൽ വൻ മാറ്റം


        
 

പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ‘പഠനമുറി’ പദ്ധതിയുടെ മാനദണ്ഡങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണ പരിധി 800 ചതുരശ്ര അടിയിൽനിന്ന് 1000 ചതുരശ്ര അടിയായി ഉയർത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്.

 

നിലവിലുണ്ടായിരുന്ന ചില വ്യവസ്ഥകൾ കാരണം അർഹരായ നിരവധി പട്ടികജാതി വിദ്യാർഥികൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സങ്ങൾ നേരിട്ടിരുന്നു. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് വീടിന്റെ വിസ്തീർണ്ണ പരിധി ഉയർത്താൻ സർക്കാർ തീരുമാനിച്ചത്. നൂറുദിന കർമപരിപാടിയുടെ ഭാഗമായി 1000 പഠനമുറികൾ 100 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുകയെന്ന ലക്ഷ്യം സർക്കാർ കൈവരിച്ചിരുന്നു. കൂടുതൽ അർഹരായ വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനും പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി അറിയിച്ചു. നൂറുദിന കർമപരിപാടിയുടെ ഭാഗമായി വകുപ്പ് പ്രഖ്യാപിച്ച മറ്റൊരു പ്രധാന പദ്ധതിയും ഇതോടെ യാഥാർഥ്യമാകുകയാണെന്ന് മന്ത്രി പറഞ്ഞു. പുതിയ തീരുമാനം കൂടുതൽ വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനും അവരുടെ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 
Previous Post Next Post