
ചപ്പാത്തിക്ക് മാവു കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു. വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ(52) ആണ് മരിച്ചത്. ഭർത്താവ് പരേതനായ ജെസ്റ്റിൻ.ശനിയാഴ്ച രാവിലെ ഏഴോടെ വീടിനു സമീപത്തു തന്നെ സംസ്ഥാന പാതയോരത്തുള്ള സ്ഥാപനത്തിൽ യന്ത്രസഹായത്തോടെ മാവു കുഴയ്ക്കുന്നതിനിടെയായിരുന്നു അപകടം.
ഏറെനേരം കഴിഞ്ഞിട്ടും മാതാവിനെ കാണാതെ അന്വേഷിച്ചു വന്ന മകൻ മെഷീനിൽ കൈ കുടുങ്ങി അബോധാവസ്ഥയിലായിരുന്ന റെജിയെ കാണുകയായിരുന്നു. തൊട്ടു ചേർന്നുള്ള സ്ഥാപനത്തിൽ നിന്ന് ആളെ കൂട്ടി ഉടൻ തന്നെ വാഴക്കുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൈകൾക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മരിച്ചു.