
തലസ്ഥാനത്തെ വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ മാൻകൊമ്പ്, ഇരുതലമൂരി, കുറുക്കന്റെ രോമം എന്നിവ പിടികൂടി. അരുവിപ്പുറം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നടന്ന പരിശോധനയിലാണ് ഇവ പിടികൂടിയത്. സംഭവത്തിൽ ഒമ്പതുപേരെ പോലീസ് പിടികൂടി. വനം ഇന്റലിജൻസിനും ക്രൈം കൺട്രോൾ ബ്യൂറോയ്ക്കും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന റെയ്ഡിലാണ് 9 അംഗ സംഘം അറസ്റ്റിലായത്.
അരുവിപ്പുറത്ത് നടത്തിയ വനംവകുപ്പിന്റെ പരിശോധനയിലാണ് മാൻ കൊമ്പ് പിടിച്ചെടുത്തത്. സംഭവത്തിൽ അരുവിപ്പുറം ഇരുമ്പിൽ എസ്.എസ്. ഭവനിൽ ജിംഷിൻ (32), എറണാകുളം ചിലവന്നൂർ സൗത്ത് വലിയതറ വീട്ടിൽ ജയൻ (57), വടുതല ബ്രിഡ്ജ് റോഡിൽ മണിയത്ത് വീട്ടിൽ മനോജ് (50), കോട്ടയം ഏറ്റുമാനൂർ പൊട്ടൻചാടി വീട്ടിൽ പി.ബി. ചെറിയാൻ (51), മാരായമുട്ടം കൈക്കോട്ടുകുഴി അയന വിഹാറിൽ ഷിജുലാൽ (42) എന്നിവരാണ് അറസ്റ്റിലായത്. അറക്കുന്നിലെ ഒരു ജ്യൂസ് കടയിൽ നിന്ന് ഇവ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ആഭിചാരക്രിയകൾക്ക് ഉപയോഗിക്കുന്നതാണ് കുറുക്കന്റെ രോമമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു