തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ സംസ്ഥാനപാതയില്‍ സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് മുന്നില്‍ നിന്നും നഗരസഭ ഓഫീസിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇയാള്‍ ബൈക്കുമായി പിടിയിലായത്. വാഹനപരിശോധന നടത്തവെ നഗരസഭ ഓഫീസ് ഭാഗത്തേക്ക് കെഎല്‍-59-ഡബ്ല്യു-0218 ഹിമാലയന്‍ ബൈക്കില്‍ എത്തിയ അഫ്രീദിയോട് വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. വണ്ടി നിര്‍ത്താന്‍ പോകുന്നു എന്ന വ്യാജേന സ്പീഡ് കുറച്ച ശേഷം വീണ്ടും മുന്നോട്ടേക്ക് എടുക്കാന്‍ ശ്രമിക്കവെ പൊലീസ് തടഞ്ഞുനിര്‍ത്തിയാണ് പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ 3.3325 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ചൊറുക്കള സ്വദേശിയും ഇപ്പോള്‍ മസ്‌ക്കറ്റില്‍ ജോലി ചെയ്തു വരുന്നതുമായ യുവാവ് എംഡിഎംഎ സൂക്ഷിച്ചുവെച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ മൊബൈല്‍ ഫോണില്‍ അയച്ചുതന്നത് പ്രകാരം അവിടെ പോയി എടുത്ത് വരികയാണെന്നാണ് പൊലീസിന് മൊഴി നല്‍കിയത്.
വിദേശത്ത് ഉള്ളയാള്‍ ക്യൂആര്‍ കോഡ് അയച്ചുതന്നത് പ്രകാരം അയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് എംഡിഎംഎയുടെ വിലയായ 45,000 രൂപ അയച്ചുകൊടുത്തതായും യുവാവ് സമ്മതിച്ചു. പൊലീസ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഇത് സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പന നടത്തി കിട്ടിയ 12,670 രൂപയും പൊലീസ് അഫ്രീദിയില്‍ നിന്ന് പിടിച്ചെടുത്തു.