ചാക്ക് താഴെയിറക്കി പലതവണ വിശ്രമിച്ചു…. ഫൗസിയ കൊലയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ




മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണർത്തി കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ കേസിൽ പ്രതി ഹുസൈനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തിയത്.

ഇന്നലെ രാവിലെ ഏഴോടെ തിരൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അതീവ രഹസ്യമായാണ് പ്രതിയെ പുറത്തൂർ പടിഞ്ഞാറേക്കരയിലെത്തിച്ചത്. അമ്പതോളം പൊലീസുകാരുടെ സുരക്ഷയിൽ കൊലപാതകം നടന്ന കടപ്പുറത്തും തുടർന്ന് മൃതദേഹം പുഴയിൽ താഴ്ത്തിയ സ്ഥലത്തും തെളിവെടുപ്പ് നടത്തി. ഷാൾ ഉപയോഗിച്ച് ഫൗസിയയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി തലച്ചുമടായി ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള തിരൂർ പുഴക്കരയിലെത്തിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. വഴിമധ്യേ ക്ഷീണിതനായപ്പോൾ പലതവണ ചാക്ക് താഴെയിറക്കി വിശ്രമിച്ച ശേഷമാണ് പുഴക്കരയിലെത്തിയത്. തുടർന്ന് അവിടെ നിർത്തിയിട്ടിരുന്ന വള്ളത്തിന്റെ നങ്കൂരം അഴിച്ചെടുത്ത് ചാക്കിൽ കെട്ടി മൃതദേഹം പുഴയിൽ താഴ്ത്തുകയായിരുന്നുവെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് പറയുന്നു.

പ്രതിയെ തെളിവെടുപ്പിന് എത്തിച്ചതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. ഫൗസിയ കിടന്നിരുന്ന വീട്ടിൽ തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ പുറത്തിറക്കുന്നതിനിടെ നാട്ടുകാർ കൈയേറ്റത്തിന് ശ്രമിച്ചു. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. പ്രതിഷേധം ശക്തമായതോടെ തെളിവെടുപ്പ് പൂർണമായി പൂർത്തിയാക്കാനായില്ല. തുടർന്ന് പൊന്നാനി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഹുസൈനെ റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ശേഷിക്കുന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

أحدث أقدم