
കാർഷിക സമൃദ്ധിയുടെ പ്രതീകമായ നിറപുത്തരി മഹോത്സവത്തിനോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. മുന്നോടിയായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ഭക്തർക്കായി തുറന്നു. കനത്ത മഴയിലും ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു പൂജാ ചടങ്ങുകൾക്ക് തുടക്കമായത്.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകർന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സന്നിധാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും നിറപുത്തരിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു.
തിങ്കളാഴ്ചയാണ് നിറപുത്തരി ആഘോഷം. പുലർച്ചെ നാലുമണിക്ക് ഭക്തർക്കായി നട തുറക്കും. തുടർന്ന് രാവിലെ 5.30-ന് പതിനെട്ടാം പടിക്ക് സമീപത്തുനിന്ന് നെൽക്കറ്റകൾ പ്രദക്ഷിണമായി ശ്രീകോവിലിന് മുൻവശത്തെ മണ്ഡപത്തിലേക്ക് കൊണ്ടുവരും. രാവിലെ 5.40 മുതൽ 6.20 വരെ നിശ്ചയിച്ചിരിക്കുന്ന മുഹൂർത്തത്തിലാണ് നിറപുത്തരി പൂജകൾ നടക്കുക. പുതുവിളവായ നെല്ല് ഭഗവാൻ അയ്യപ്പന് സമർപ്പിക്കുന്ന ഈ ചടങ്ങ് ശബരിമലയിലെ പ്രധാന ആചാരങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.