കനത്ത മഴയ്ക്ക് ശമനം.. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് നീക്കി


        

കനത്ത മഴയ്ക്ക് ശമനമായതോടെ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് ജില്ലാ ഭരണകൂടം നീക്കി. മഴ ശക്തമായതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. കാലാവസ്ഥാ വകുപ്പ് ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ചതോടെയാണ് വിനോദസഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

അടുത്ത ദിവസങ്ങളിൽ ഇടുക്കിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. അതേസമയം, കേരളത്തിന് ഭീഷണിയായി ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത രൂപപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 12ഓടെ ഇത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഓഗസ്റ്റ് 14 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെങ്കിലും കാലാവസ്ഥാ സാഹചര്യം നിരീക്ഷിച്ചുവരികയാണ്

Previous Post Next Post