ദുബായ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ പെയ്‌തതിന് പിന്നാലെ യുഎഇയിൽ വരും ദിവസങ്ങളിലും കാലാവസ്‌ഥ വ്യതിയാനം തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. വ്യാഴാഴ്ച്‌ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അൽ ഐനിൽ പെയ്ത കനത്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു
ഇന്ന് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഉച്ചയ്ക്കുശേഷം കിഴക്കൻ പ്രദേശങ്ങളിൽ കാർമേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. രാത്രിയിലും നാളെ രാവിലെയോടെയും തീരദേശ മേഖലകളിൽ ഈർപ്പമുള്ള അന്തരീക്ഷം അനുഭവപ്പെടും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുകിഴക്കൻ, വടക്കുകിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിൻ്റെ വേഗം 35 കിലോമീറ്റർ വരെ ഉയർന്നേക്കാം. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും
നാളെയോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിച്ചക്കും. ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ ശക്തമായ കാർമേഘ രൂപീകരണവും മഴയും പ്രതീക്ഷിക്കുന്നു. രാത്രിയിൽ തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ഉയരുകയും മൂടൽമഞ്ഞിന് സാധ്യതയുണ്ടാവുകയും ചെയ്യും. കാറ്റിന്റെ വേഗം ചിലപ്പോഴൊക്കെ 40 കിലോമീറ്റർ വരെ ഉയരുന്നത് പൊടിപടലങ്ങൾ ഉയരാൻ കാരണമാകും.
ബുധനാഴ്ചയും സമാനമായ അന്തരീക്ഷസ്ഥിതി തുടരും.
ഉച്ചയോടെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ ഉൾനാടുകളിലേക്ക് കാർമേഘങ്ങൾ വ്യാപിക്കാനും മഴ പെയ്യാനും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റടിക്കാനും മണൽക്കാറ്റിനും സാധ്യതയുണ്ടെന്ന് എൻസിഎം മുന്നറിയിപ്പ് നൽകുന്നു.
വ്യാഴാഴ്ചയും കിഴക്കൻ മേഖലകളിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. കാറ്റിന്റെ വേഗം 40 കിലോമീറ്റർ വരെയാകാം. വെള്ളിയാഴ്ച രാവിലെയോടെ തീരദേശങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കും. കടൽ മാർഗമുള്ള യാത്രക്കാർക്കും ജാഗ്രതാ നിർദേശമുണ്ട്