അർജുൻ ആയങ്കിക്ക് ജാമ്യം… പക്ഷെ പുറത്തേക്കല്ല..


        
 

കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ അർജുൻ ആയങ്കി ജയിലിൽ തുടരും. ഇതിനിടെ, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയതോടെ കരുതൽ തടങ്കലിലാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്.

തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. കാപ്പ നോട്ടീസും ഇന്ന് കൈമാറും. ഇന്നലെയാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കാപ്പ ചുമത്തിയത്.

അർജുൻ ആയങ്കിയെ ഉടൻ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. കാപ്പ പ്രകാരമുള്ള കരുതൽ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാനാണ് ഉത്തരവ്. അതേസമയം, സൈബർ ക്രൈം കേസിൽ ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകളിലെ നടപടികൾ നിലനിൽക്കുന്നതിനാൽ അർജുൻ ആയങ്കിക്ക് നിലവിൽ ജയിൽ മോചനം സാധ്യമാകില്ല.

 
Previous Post Next Post