എളയാവൂരിൽ വീണ്ടും മണ്ണിടിച്ചിൽ… ദേശീയപാതയുടെ ഡിസൈനിൽ പിഴവ്.. പിണറായി വിജയൻ

 

        
 

കണ്ണൂർ: എളയാവൂരിലെ മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദേശീയപാതയുടെ ഡിസൈനിലെ പാളിച്ചയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് പിണറായി വിജയന്റെ ആരോപണം. 2023ലും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിട്ടും ദേശീയപാത അതോറിറ്റി ഫലപ്രദമായി ഇടപെട്ടില്ലെന്നും ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയപാത വികസനം നടക്കുന്ന എളയാവൂർ സൗത്തിലാണ് മണ്ണിടിഞ്ഞ് സംരക്ഷണഭിത്തി തകർന്നത്. തിങ്കളാഴ്ച രാത്രി മുതൽ മണ്ണ് അമർന്നുതുടങ്ങി. ചൊവ്വാഴ്ച രാവിലെ ആറോടെ സംരക്ഷണഭിത്തി പൂർണമായും തകർന്നു. ഏകദേശം 75 മീറ്റർ നീളത്തിലും 15 അടി ആഴത്തിലുമാണ് മണ്ണിടിഞ്ഞത്. ദേശീയപാതയുടെ ഡിസൈനിൽ പിശക് സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. റോഡ് നിർമാണം കൃത്യമായ പഠനം നടത്തിയാണെന്നാണ് കരാർ കമ്പനി പറയുന്നത്. എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ദേശീയപാത നിർമിക്കുമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണം. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റി തങ്ങളുടെ സാങ്കേതിക പരിജ്ഞാനവും സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ആവശ്യമായ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

 
أحدث أقدم