FCRA ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു… രാജ്യസഭയിൽ നിന്ന്….


വിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കുമൊടുവിൽ വിദേശ സംഭാവന നിയന്ത്രണ നിയമമായ FCRA ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (JPC) വിട്ടു. ശബ്ദവോട്ടോടെയാണ് ബിൽ ജെ.പി.സിക്ക് കൈമാറാൻ തീരുമാനിച്ചത്. ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാനായിരുന്നു കേന്ദ്രസർക്കാരിന്റെ നീക്കമെങ്കിലും, പ്രതിപക്ഷത്തിന്റെയും വിവിധ ക്രിസ്ത്യൻ സംഘടനകളുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് നടപടി.

ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ളതാണ് ഈ ബില്ലെന്നും അത് ഉടൻ പിൻവലിക്കണമെന്നും ചർച്ചയ്ക്കിടെ കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. എന്നാൽ ബില്ലിനെതിരെ പ്രതിപക്ഷം ബോധപൂർവ്വം തെറ്റിദ്ധാരണ പരത്തുകയാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. ബിൽ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യംവെച്ചുള്ളതല്ലെന്നും, എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അംഗങ്ങൾക്ക് ജെ.പി.സി ചർച്ചയിൽ ഉന്നയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

അതേസമയം, ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യാതൊരുവിധ ഇടനിലക്കാരും ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. ബന്ധപ്പെട്ട കക്ഷികളുമായി സർക്കാർ നേരിട്ട് ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശത്തുനിന്നുള്ള ഫണ്ടുകളുടെ സ്വീകാര്യത സുതാര്യമാക്കാനും ദുരുപയോഗം തടയാനുമാണ് ബിൽ കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം. ലോക്‌സഭയിൽ നിന്ന് 21 പേരും രാജ്യസഭയിൽ നിന്ന് 10 പേരും അടങ്ങുന്നതാണ് 31 അംഗ സംയുക്ത പാർലമെന്ററി സമിതി.




أحدث أقدم