
ചേർത്തല: സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കിനു പിന്നിൽ കാർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചുവീണ യുവാവ് മരിച്ചു. അപകടത്തിന് പിന്നാലെ കാർ നിർത്താതെ പോയതോടെ പരുക്കേറ്റ യുവാക്കൾ ഏറെ നേരം റോഡിൽ കിടന്നതായി പൊലീസ് പറഞ്ഞു. തണ്ണീർമുക്കം പഞ്ചായത്തിലെ പണ്ടാരപ്പാട്ടത്തിൽ പ്രകാശിന്റെയും മിനിയുടെയും മകൻ ശിവപ്രകാശ് (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തണ്ണീർമുക്കം ഇലഞ്ഞാൽകുളങ്ങര സ്വദേശി വിഷ്ണു മുരളി (27)ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക്
രണ്ടുമണിയോടെയാണ് അപകടം. ചേർത്തല–വാരനാട്–ചെങ്ങണ്ട റോഡിലെ ചെങ്ങണ്ട വളവിൽ വച്ചായിരുന്നു ബൈക്കിനു പിന്നിൽ കാർ ഇടിച്ചത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ശിവപ്രകാശാണ് ബൈക്ക് ഓടിച്ചിരുന്നത്. കാർ ഇടിച്ചതിനെ തുടർന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എന്നാൽ ഇടിച്ച കാർ നിർത്താതെ പോയെന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ യുവാക്കൾ ഏകദേശം 15 മിനിറ്റോളം റോഡിൽ കിടന്നതായും പൊലീസ് അറിയിച്ചു. ഇതുവഴി പോയ മറ്റ് യാത്രക്കാരാണ് ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ശിവപ്രകാശിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാർ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്