നാലര കിലോ സ്വർണവും മൂന്നരലക്ഷത്തിലധികം രൂപയും കവർന്നു; മെഴുവേലി ബാങ്ക് കവർച്ചയിൽ 15 വർഷത്തിന് ശേഷം വിധി

 

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലി സഹകരണ ബാങ്ക് കവർച്ചാ കേസിൽ 15 വർഷങ്ങൾക്ക് ശേഷം കോടതിയുടെ അന്തിമ വിധി വന്നു. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ അഞ്ച് പ്രതികൾക്കാണ് കോടതി കഠിനതടവ് വിധിച്ചത്.

എട്ടു പ്രതികളിൽ ഒന്നാംപ്രതി വിനു, രണ്ടാം പ്രതി സുരേഷ്, നാലാംപ്രതി സുധീഷ്, അഞ്ചാം പ്രതി ഗിരീഷ് എന്നിവർക്ക് രണ്ട് വർഷവും 11 മാസവും കഠിനതടവ് സിജെഎം കോടതി വിധിച്ചു. മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. ഏഴാംപ്രതി ബിജുവിനു ഒന്നര വർഷം തടവും പതിനായിരം രൂപയുമാണ് ശിക്ഷ. കേസിലെ ആറും എട്ടും പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. ഏറെ ആസൂത്രണം ചെയ്ത് പ്രതികൾ കവർച്ച നടത്തിയെന്ന് പ്രോസിക്യൂഷൻ പറയുമ്പോഴും ഗൂഢാലോചന കുറ്റം ഉൾപ്പെടെ തെളിയിക്കാനായില്ല. 200 ൽ അധികം സാക്ഷികളെ വിസ്തരിച്ചു.

അവധിദിവസം നോക്കി സഹകരണ ബാങ്കിന്‍റെ പിൻഭാഗം തുരന്നാണ് പ്രതികൾ അകത്തുകയറിയത്. മോഷ്ടിച്ച വാഹനവും ഗ്യാസ് കട്ടറുകളുമൊക്കെയാണ് കവർച്ചയ്ക്ക് ഉപയോഗിച്ചത്. പരിസരം ആകെ മുളക് പൊടി വിതറിയിരുന്നു. ഇതരസംസ്ഥാനങ്ങളിൽ വരെ പോയാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ നന്ദകുമാർ ഉൾപ്പെട്ട പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.

أحدث أقدم