സ്റ്റാലിൻ സാർ, വായ തുറന്ന് സംസാരിക്കൂ’ ; വീരമണി പോക്സോ കേസിൽ ഡിഎംകെ സർക്കാരിനെ കടന്നാക്രമിച്ച് വിജയ്



തമിഴ്നാട്ടിൽ ഗ്രാനൈറ്റ് വ്യവസായി ആർ വീരമണി പ്രതിയായ പോക്സോ കേസിൽ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. വർഷങ്ങളായി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നിട്ടും ഡിഎംകെ സർക്കാർ നടപടിയെടുത്തില്ലെന്ന് വിജയ് വിമർശിച്ചു. വീരമണിയെ ടിവികെ സർക്കാരാണ് ജയിലിലടച്ചതെന്നും ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. മധുരാന്തകം നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടിവികെ സ്ഥാനാർത്ഥി കെ മരഗതത്തിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജയ്.

“ഇപ്പോൾ തികച്ചും വിചിത്രമായ ഒരു കാര്യമാണ് നടക്കുന്നത്. ഈ വിഷയം ഇവിടെ ഉന്നയിക്കേണ്ടതില്ലെന്നാണ് ഞാൻ ആദ്യം കരുതിയത്, എന്നാൽ ഒരാൾ തമിഴ്‌നാട്ടിലെ യുവതികളെയും കുട്ടികളെയും വർഷങ്ങളായി ചൂഷണം ചെയ്തുവരികയായിരുന്നു. മുൻ ഡിഎംകെ ഭരണകാലത്താണ് ഈ കേസ് പുറത്തുവന്നതെങ്കിലും ഇക്കാര്യവും ഇതിന്റെ ചരിത്രവും നിശബ്ദമായി കുഴിച്ചുമൂടപ്പെടുകയായിരുന്നു. സാർ, എന്ത് തരത്തിലുള്ള ഇടപാടാണ് അവിടെ നടന്നത്?”- വിജയ് ചോദിച്ചു.

എന്തായിരുന്നു ആ ഇടപാട് എന്ന് തമിഴ്നാട് ചോദിക്കുകയാണ്. സ്റ്റാലിൻ സാർ, നിങ്ങൾ വായ തുറക്കൂ, നിങ്ങളോടൊപ്പം കൈകോർത്ത് അണ്ണാ ഡിഎംകെയും വായ തുറക്കുന്നില്ല. ഈ വിഷയത്തിൽ പോലും ഒരു ഒത്തുകളി വേണോ, ഈ കാര്യത്തിലും ഒരു ധാരണയുണ്ടാക്കി നിങ്ങൾ വായ തുറക്കാതിരിക്കുകയാണോ?”- വിജയ് ചോദിച്ചു.

Previous Post Next Post