
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. കേസ് തുറന്ന കോടതിയിൽ തന്നെ നടത്തണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഒക്ടോബർ 15നാണ് വിചാരണ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടതെന്നും അത്തരമൊരു സാഹചര്യം ചൂണ്ടിക്കാട്ടാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സാക്ഷികളും പ്രതികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും വ്യക്തമാക്കി.
മഹാരാജാസ് കോളേജ് വിദ്യാർഥികളാണ് കേസിലെ സാക്ഷികളെന്ന പ്രതികളുടെ വാദവും പ്രോസിക്യൂഷൻ തള്ളി. കോടതി പരിസരത്ത് അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നതിന് നിലവിൽ തന്നെ നിയന്ത്രണമുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികൾ പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറിയിച്ചു. കേസിൽ കോടതി ഇതുവരെ നിരവധി തവണ പ്രതികളെ ഹാജരാകാൻ വിളിപ്പിച്ചിട്ടും പല അവസരങ്ങളിലും പ്രതികൾ വ്യക്തിപരമായി ഹാജരായിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണ് രഹസ്യ വിചാരണ ആവശ്യത്തിന് പിന്നിലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. നേരത്തെയും വ്യക്തിപരമായ ഹാജരാക്കലിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളിയിരുന്നു. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യം പ്രതികളുടെ സ്വകാര്യതയെയും ഭാവിയെയും ബാധിക്കുമെന്നതടക്കമുള്ള വാദങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചിരിക്കുന്നത്. പ്രതികളുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാമെന്നും പ്രതിഭാഗം വാദിക്കുന്നു
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജ് ക്യാമ്പസിൽ അഭിമന്യു കൊല്ലപ്പെട്ടത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. കേസിൽ ആദ്യ 16 പ്രതികൾക്കെതിരായ വിചാരണയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്നത്. ഇവർക്കെതിരായ വിചാരണ തുടരാമെന്ന് കേരള ഹൈക്കോടതിയും 2026 ജൂലൈയിൽ വ്യക്തമാക്കിയിരുന്നു. കേസിന്റെ വിചാരണ നടപടികൾ നേരത്തെ തന്നെ ഏറെ നീണ്ടുപോയിരുന്നു. പ്രധാനപ്പെട്ട കോടതി രേഖകൾ കാണാതായതടക്കമുള്ള വിഷയങ്ങളും നടപടികൾ വൈകാൻ കാരണമായിരുന്നു. ഇപ്പോൾ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കൂടി പരിഗണിക്കേണ്ട സാഹചര്യത്തിലാണ് കോടതി.