മുല്ലപ്പെരിയാറിൽ കൂടുതൽ സുരക്ഷാ പരിശോധന ആവശ്യപ്പെട്ട് കേരളം…



കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുമ്പ് നടന്ന പരിശോധനകൾ തൃപ്തികരമായിരുന്നില്ലെന്നും കഴിഞ്ഞ ദിവസം നടന്ന പരിശോധന തൃപ്തികരമാണെങ്കിലും കൂടുതൽ വിശദമായ പരിശോധന ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ശേഷം നടന്ന ചർച്ചയിൽ കേരളത്തിന്റെ ആശങ്കകൾ വിദഗ്ധ സമിതിയെ അറിയിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി വിശദമായ പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും നിലവിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി നിർദേശപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിൽ നടന്ന സമഗ്ര സുരക്ഷാ പരിശോധനയുടെ ഭാഗമായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുമായി അഞ്ചംഗ വിദഗ്ധ സമിതി ചർച്ച നടത്തിയിരുന്നു. ഒരുദിവസം മാത്രം പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിലുള്ള ആശങ്ക കേരളത്തിന്റെ പ്രതിനിധികൾ സമിതിയെ അറിയിച്ചിട്ടുണ്ട്.

അണക്കെട്ടിന്റെ ഘടനാപരമായ പരിശോധന ഉൾപ്പെടെ കൂടുതൽ വിശദമായ പരിശോധന നടത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം പരിഗണിക്കാമെന്ന് അഞ്ചംഗ വിദഗ്ധ സമിതി അറിയിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആവശ്യത്തിൽ സമിതി യോജിപ്പ് അറിയിച്ചത് നിർണായകമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ പരിശോധന നടത്താത്ത പക്ഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും കേരളം സമിതിയെ അറിയിച്ചിട്ടുണ്ട്.

Previous Post Next Post