ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ തകർപ്പൻ മറുപടി...




ന്യൂയോർക്ക് : ഇന്ത്യ പാകിസ്ഥാനിൽ ഭീകരവാദം സ്‌പോൺസർ ചെയ്യുന്നു എന്ന ആരോപണവുമായി ചോദ്യം ഉന്നയിച്ച പാകിസ്ഥാൻ മാധ്യമപ്രവർത്തകന് രൂക്ഷ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 81-ാം സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം.

“ഇന്ത്യ എപ്പോഴാണ് പാകിസ്ഥാനിൽ ഭീകരവാദം സ്‌പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കുക?” എന്ന പാക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, “ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?” എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം. തുടർന്ന് “പോകൂ” എന്നും അദ്ദേഹം മാധ്യമപ്രവർത്തകനോട് പറഞ്ഞു.

ലൈബീരിയൻ വിദേശകാര്യമന്ത്രി സാറ ബെയ്സോളോ ന്യാൻതിക്കൊപ്പമാണ് ജയശങ്കർ വാർത്താസമ്മേളനം നടത്തിയത്. പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ ആരോപണം ആവർത്തിച്ച് ചോദ്യം തുടരുന്നതിനിടെ ജയശങ്കറും സംഘവും വാർത്താസമ്മേളന വേദിയിൽനിന്ന് പുറത്തേക്ക് പോയതായാണ് റിപ്പോർട്ട്.

ഇതിന് പിന്നാലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷും മാധ്യമപ്രവർത്തകനോട് പ്രതികരിച്ചു. ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, ന്യൂയോർക്കിൽ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും സമാനമായ ചോദ്യത്തിന് വിധേയനായിരുന്നു. പാകിസ്ഥാൻ ഭീകരരെ സംരക്ഷിക്കുന്നത് എപ്പോൾ അവസാനിപ്പിക്കുമെന്നായിരുന്നു ഒരു ഇന്ത്യൻ മാധ്യമപ്രവർത്തക ഷെരീഫിനോട് ചോദിച്ചത്. ഈ സംഭവത്തിന് പിന്നാലെയാണ് ജയശങ്കറുടെ വാർത്താസമ്മേളനത്തിലെ പ്രതികരണവും ശ്രദ്ധ നേടിയത്.
Previous Post Next Post