കാറിന് മുന്നിൽ ബസ് ജീവനക്കാരന്റെ ‘റോഡ് ഷോ… ബസ് ക്ലീനർ…


        

കൊച്ചി: കൊച്ചിയിൽ കാർ യാത്രക്കാരായ കുടുംബത്തെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി മുഹമ്മദ് അൻസാർ സ്ഥിരം ക്രിമിനലെന്ന് പൊലീസ്. സമാന രീതിയിൽ മറ്റൊരു കാർ യാത്രക്കാരനെയും വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാർ ശക്തി ബസിലെ ക്ലീനറാണ്. ഓഗസ്റ്റ് ഒൻപതിന് കലൂരിൽ കാർ യാത്രക്കാരനെയും കുടുംബത്തെയും വഴിയിൽ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് നോർത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അൻസാറിനെ പിടികൂടാൻ പൊലീസ് ബസിൽ കയറി ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെയും ആക്രമിച്ചതായാണ് വിവരം. ഇതിനുപിന്നാലെയാണ് സമാന രീതിയിൽ മറ്റൊരു കാർ യാത്രക്കാരനെയും അൻസാർ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഓഗസ്റ്റ് 22ന് എറണാകുളം പാടിവട്ടത്തായിരുന്നു സംഭവം. കാർ യാത്രക്കാരനായ റെജിൻസിനെ വഴിയിൽ തടഞ്ഞുനിർത്തി അൻസാർ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അന്നുതന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും അൻസാറിനെതിരെ നടപടിയുണ്ടായില്ലെന്നാണ് റെജിൻസിന്റെ ആരോപണം. ബസിന് ചെറിയ തുക പിഴ ചുമത്തുക മാത്രമാണ് പൊലീസ് ചെയ്തതെന്നും റെജിൻസ് ആരോപിച്ചു. സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിക്കുമടക്കം പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കൊച്ചി നഗരത്തിൽ യാത്രക്കാർക്കും നാട്ടുകാർക്കുമെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ മർദനവും ഭീഷണിയും ആവർത്തിക്കുന്നുവെന്ന പരാതികൾ ശക്തമാണ്. ഇത്തരം സംഭവങ്ങളിൽ പൊലീസ് അയഞ്ഞ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്

Previous Post Next Post