
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി പ്രശത്ത് ജിത്ത് ദാസ് (27) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 31ന് വെസ്റ്റ്’ ബംഗാളിലെ അലിപ് ദോർ ജില്ലയിലാണ് കൊലപാതകം നടന്നത്. പിതാവ് സഞ്ജയ് ദാസിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പ്രതി കേരളത്തിലെത്തിയതെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. സഞ്ജയ് ദാസും ഭാര്യ ഉഷാറാണിയും തമ്മിൽ വാക്കേറ്റത്തിനിടെയാണ് സംഭവം. മകന്‍റെ അടിയേറ്റ് നിലത്തുവീണ സഞ്ജയ് ദാസ് സംഭവസ്ഥലത്ത് മരിച്ചു.
ഫലാക്കാട്ട പൊലീസ് ഉഷാറാണിയെ കസ്റ്റഡിയിലെടുത്തു.എന്നാൽ മകൻ നേരത്തെ ജോലി ചെയ്ത ശ്രീകാര്യത്തേക്ക് തിരിച്ചെത്തി. പ്രതി കേരളത്തിലേക്ക് എത്തിയ വിവരം ഫലാക്കാട്ട പൊലീസ് ശ്രീകാര്യം പൊലീസിനെ അറിയിച്ചിരുന്നു. പ്രതിയുടെ ചിത്രവും വീഡിയോയും സഹിതം ലഭിച്ചു. ഇയാളെ അന്വേഷിച്ച് പൊലീസ് താമസസ്ഥലത്ത് എത്തിയെങ്കിലും വിവരം അറിഞ്ഞ് ഇയാൾ മുങ്ങി. തലസ്ഥാനത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്‍റെ വലയിലായത്