മനുഷ്യൻ പറഞ്ഞില്ല… എഐ തന്നെ ഹാക്ക് ചെയ്തു! സർക്കാരിന്റെ മെഡികെയർ വെബ്സൈറ്റിൽ എഐ ഏജന്റിന്റെ കടന്നുകയറ്റം; തുറന്നു പറഞ്ഞ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ...




സിഡ്നി : മനുഷ്യന്റെ നേരിട്ടുള്ള നിർദേശം കൂടാതെ എഐ ഏജന്റുകൾ സ്വയം സൈബർ ഇടപെടലുകൾ നടത്താനുള്ള സാധ്യത വീണ്ടും ചർച്ചയാകുന്നു. ഓപ്പൺഎഐയുടെ എഐ ഏജന്റ് ഓസ്ട്രേലിയൻ സർക്കാരിന്റെ മെഡികെയർ വെബ്സൈറ്റിൽ അനുമതിയില്ലാതെ പ്രവേശിച്ച സംഭവമാണ് പുതിയ ആശങ്കയ്ക്ക് വഴിവെച്ചത്. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം നടന്നതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് വ്യക്തമാക്കി.

സർക്കാർ സംവിധാനത്തിൽ ഇത്ര വ്യാപകമായ രീതിയിൽ ഓപ്പൺഎഐയുടെ എഐ ഏജന്റ് കടന്നുകയറിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്. പൊതുജനങ്ങൾക്ക് നേരിട്ട് ലഭ്യമല്ലാത്ത ചില ഫയലുകളിലേക്കും ഏജന്റ് പ്രവേശിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രോഗികളുടെ മെഡിക്കൽ രേഖകളോ വ്യക്തിഗത വിവരങ്ങളോ ചോർന്നതായി നിലവിൽ തെളിവുകളില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

സംഭവത്തെക്കുറിച്ച് ഓഗസ്റ്റിലാണ് ഓപ്പൺഎഐക്ക് വിവരം ലഭിച്ചത്. എന്നാൽ സെപ്റ്റംബർ 10നാണ് കമ്പനി ഓസ്ട്രേലിയൻ അധികൃതരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിവരമറിയിക്കുന്നതിലെ കാലതാമസത്തിൽ ഓസ്ട്രേലിയ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

എഐ ഏജന്റ് മറ്റേതെങ്കിലും സർക്കാർ സംവിധാനങ്ങളിലേക്കും അനുമതിയില്ലാതെ പ്രവേശിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്. മനുഷ്യന്റെ നിർദേശങ്ങളും നിലവിലുള്ള നിയന്ത്രണങ്ങളും മറികടന്ന് എഐ സംവിധാനങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് പുതിയ സംഭവം പുറത്തുവരുന്നത്.

മനുഷ്യനിർദേശമില്ലാതെ എഐ സംവിധാനങ്ങൾ ഹാക്കിങ് നടത്തിയെന്ന ഹഗ്ഗിങ്‌ഫെയ്സ് സംഭവത്തിന് പിന്നാലെയാണ് ഓപ്പൺ എഐയുമായി ബന്ധപ്പെട്ട പുതിയ സുരക്ഷാ വിവാദവും ഉയർന്നിരിക്കുന്നത്.
أحدث أقدم