‘

കൊല്ലം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറം ചാർട്ടേഡ് വിമാനയാത്രയെച്ചൊല്ലി വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. സതീശനെതിരെ സിനിമാ കഥാപാത്രങ്ങളെ പരാമർശിച്ചായിരുന്നു ചിന്ത ജെറോമിന്റെ വിമർശനം. മുഖ്യമന്ത്രിയുടെ ‘പൂക്കി ഇമേജ്’ മാറിയെന്നും യഥാർഥ ധാർഷ്ട്യം പുറത്തുവന്നെന്നുമാണ് ചിന്ത ജെറോം ആരോപിച്ചത്. മലപ്പുറത്തേക്കുള്ള വിമാനയാത്രയുടെ സ്പോൺസറുടെ പേര് വെളിപ്പെടുത്താത്ത മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്നും ഒരു ചോദ്യം ഉയർന്നാൽ പൊതുപ്രവർത്തകർ മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും ചിന്ത ജെറോം പറഞ്ഞു.
സൗജന്യമായി ലഭിക്കുന്ന സഹായങ്ങൾ പിന്നീട് പ്രതിബദ്ധതയ്ക്ക് വഴിവെക്കുമെന്നായിരുന്നു അവരുടെ ആരോപണം. അതേസമയം, സെപ്റ്റംബർ 21ന് മലപ്പുറം മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് ചിപ്സൺ ഏവിയേഷൻ വഹിച്ചതായി ഇൻവോയ്സ് രേഖകൾ പുറത്തുവന്നിട്ടുണ്ട്. കേളചന്ദ്ര ഏവിയേഷൻ ചിപ്സണിന് നൽകിയ ഇൻവോയ്സിൽ ജിഎസ്ടി ഉൾപ്പെടെ 19,88,595 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ കരാർ പുതുക്കുന്നതുമായി വിമാനയാത്രയ്ക്ക് ബന്ധമില്ലെന്നാണ് ചിപ്സൺ ഏവിയേഷൻ അധികൃതരുടെ വിശദീകരണം. ഒരു ഓപ്പറേറ്റർ എന്ന നിലയിൽ വിമാനം ആവശ്യപ്പെട്ടതിനാലാണ് നൽകിയതെന്നും ആവശ്യപ്പെട്ടാൽ ഇനിയും നൽകുമെന്നും കമ്പനി വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്
അതേസമയം, കമ്പനിയുടെ നിലവിലെ ഹെലികോപ്റ്റർ കരാർ സെപ്റ്റംബർ 19ന് അവസാനിച്ചതായും പുതിയ കരാർ സംബന്ധിച്ച് സർക്കാർ പരിഗണന തുടരുന്നതായും റിപ്പോർട്ടുണ്ട്. വിമാനയാത്രയ്ക്ക് സർക്കാരിന് ചിലവൊന്നും വന്നിട്ടില്ലെന്നും പരിചയക്കാരൻ വിമാനം ഏർപ്പാടാക്കി തന്നതാണെന്നുമായിരുന്നു നേരത്തെ വി.ഡി. സതീശന്റെ വിശദീകരണം. മലപ്പുറത്ത് വലിയ അപകടമുണ്ടായ സാഹചര്യത്തിൽ ആവശ്യമായാൽ ഇനിയും ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യുമെന്നും സതീശൻ പറഞ്ഞിരുന്നു. ചിപ്സൺ ഏവിയേഷന്റെ ഭാഗത്തുനിന്നുള്ള വിമാനച്ചെലവും സർക്കാരിന്റെ ഹെലികോപ്റ്റർ കരാർ പുതുക്കാനുള്ള നീക്കവും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം നിലവിൽ രാഷ്ട്രീയ ആരോപണമായാണ് ഉയർന്നിരിക്കുന്നത്.