കയ്പമംഗലത്തിന് പിന്നാലെ ദേശീയപാതയിൽ വീണ്ടും മരണക്കുരുക്ക്… രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


        

കോഴിക്കോട്: ദേശീയപാതയിൽ വീണ്ടും വാഹനാപകടം. നിസരി ജങ്ഷനിൽ തെറ്റായ ദിശയിൽ ദേശീയപാതയിലേക്ക് കയറിയ ലോറിയിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് കോട്ടീരി ഹാരിസ് (30), കെ.ടി. ജംഷീർ (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മുസമ്മിൽ, ഉവൈസ്, ജാബിർ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദേശീയപാത 66ൽ ചേലേമ്പ്ര ഇടിമുഴിക്കലിന് സമീപം ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് ചേളാരി ഭാഗത്തേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കല്ലുകയറ്റി വന്ന ലോറിയിൽ കാർ ഇടിച്ചുകയറുകയായിരുന്നു. ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനായി സ്പീഡ് ട്രാക്കിലൂടെ പോയ ലോറി യൂടേൺ എടുത്ത് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. കോഴിക്കോട് ബീച്ചിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാക്കൾ.


ദേശീയപാതയിലെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ശക്തമാകുന്നതിനിടെയാണ് വീണ്ടും അപകടം. കഴിഞ്ഞദിവസം കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ അപകടത്തിൽ എട്ട് വിദ്യാർഥികളുടെ ജീവനാണ് പൊലിഞ്ഞത്.

ദിശാബോർഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത റോഡിൽ സർവീസ് റോഡിലേക്ക് തിരിയേണ്ട ഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ ഇടിച്ചുകയറിയായിരുന്നു കയ്പമംഗലത്തെ ദുരന്തം. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയപാതയിലെ ഗതാഗത സുരക്ഷയും അനധികൃതമായോ അപകടകരമായോ ഉള്ള ലോറി പാർക്കിങ്ങും വീണ്ടും ചർച്ചയാകുകയാണ്

Previous Post Next Post