
കൊല്ലം: കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് കരിങ്കൊടി പ്രതിഷേധം. ആശ്രാമം മൈതാനത്തിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയായിരുന്നു പ്രതിഷേധമെന്നാണ് വിവരം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതായി റിപ്പോർട്ടുണ്ട്. ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ആശ്രാമം മൈതാനത്തെ ഹെലിപ്പാഡിൽ ഹെലികോപ്റ്ററിൽ എത്തിയ അമിത് ഷാ വാഹനത്തിൽ പോകുന്നതിനിടെയാണ് പ്രതിഷേധം നടന്നത്. കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘സഹകരണത്തിലൂടെ സമൃദ്ധി’ പരിപാടിയിലാണ് അമിത് ഷാ പങ്കെടുക്കുന്നത്. തുടർന്ന് വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തി ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കും.