മാസപ്പടി കേസ് ; സിപിഎമ്മിൽ പുതിയ വിവാദം...




തിരുവനന്തപുരം : മാസപ്പടി കേസ് ഇടത് മുന്നണിക്കെതിരായ രാഷ്ട്രീയ നീക്കമെന്ന് പറയുന്നതിലൂടെ പിണറായി വിജയൻ ന‌ടത്തുന്നത് പ്രതിരോധം. കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐ നേതൃത്വം പിണറായിക്ക് തുറന്ന പിന്തുണ കൊടുക്കാൻ മടിച്ചു നിൽക്കുന്നതിനിടെയാണ് ഇടത് മുന്നണിക്കെതിരായ നീക്കമെന്ന വ്യാഖ്യാനമുയർത്തിയുളള പിണറായിയുടെ പ്രതിരോധം. 

തെറ്റുതിരുത്തൽ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വിശാല ജില്ലാ സമിതിയുടെ ആലപ്പുഴയിലെ ആദ്യ യോഗം തന്നെ മാസപ്പടി കേസിലെ പ്രതിരോധത്തിനുളള വേദിയാക്കി പിണറായി മാറ്റിയത് സിപിഎമ്മിലും പുതിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

പാർട്ടിയുടെ പരാജയവും പരാജയത്തിനു കാരണമായ സാഹചര്യങ്ങളുടെ തിരുത്തലും ലക്ഷ്യമിട്ടാണ് വിശാല ജില്ലാ നേതൃയോഗങ്ങൾ വിളിച്ചതെങ്കിലും ആദ്യ ജില്ലാ യോഗത്തിൽ തന്നെ അജൻഡ മാസപ്പടി കേസിലേക്ക് ചുരുക്കാൻ ശ്രമിക്കുകയാണ് പിണറായി.

സിപിഎമ്മിനെതിരായ ആക്രമണമാണ് ഇഡി കേസ് എന്ന് ഇതുവരെ പറഞ്ഞിടത്തു നിന്ന് ഒരുപടി കൂടി കടന്നായിരുന്നു ഇന്നത്തെ വിശദീകരണം. ഇടതുമുന്നണിക്കും സിപിഎമ്മിനും എതിരായ നീക്കമെന്നാണ് എക്സാലോജിക് കേസിനെ പിണറായി ഇന്ന് വിശേഷിപ്പിച്ചത്.

മാസപ്പടി കേസിലെ ഇഡി നീക്കങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ഇപ്പോഴും ഇടത് ഘടകകക്ഷികൾ മടിച്ചു നിൽക്കുന്നതിടെയുളള പിണറായിയുടെ ഈ പ്രസ്താവനയോട് സിപിഐ നേതൃത്വം ഉൾപ്പെടെ എങ്ങിനെ പ്രതികരിക്കുമെന്നത് പ്രധാനം. 

വിശാല സംസ്ഥാന സമിതിയിലെ ചർച്ചകൾ ഇഡി കേസിലേക്ക് കേന്ദ്രീകരിക്കാനുളള നീക്കങ്ങൾ ജനറൽ സെക്രട്ടറി എംഎ ബേബിയുടെ നേതൃത്വത്തിൽ കോഴിക്കോട് പ്രതിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആദ്യ ജില്ലാ നേതൃയോഗത്തിൽ അതേ വിഷയം പിണറായി എടുത്തിടുന്നതെന്നതും ശ്രദ്ധേയമാണ്.
Previous Post Next Post