കോട്ടയം : കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. ഈ ആഴ്ച മാത്രം ചുരുങ്ങിയത് ഇരുപതിലേറെ പേർക്കാണ് പ്രദേശത്ത് തെരുവുനായകളുടെ ആക്രമണത്തില്‍ കടിയേറ്റത്. കഴിഞ്ഞ ദിവസം മാത്രം നഗരപരിധിയില്‍ 13 പേർക്ക് കടിയേറ്റു. ഇതില്‍ ഏഴുപേരുടെ പരുക്ക് ഗുരുതരമാണ്.
ചുങ്കം, വാരിശ്ശേരി, കൂടയംപടി, കുടമാളൂർ, പാണ്ഡവം തുടങ്ങിയ വിവിധ മേഖലകളിലാണ് ആളുകള്‍ക്ക് കടിയേറ്റത്. വാരിശ്ശേരി കവലയില്‍ നിന്ന് തുടർച്ചയായി ആളുകളെ ആക്രമിച്ച നായ കൂടയംപടി ഭാഗത്തും, പ്രദേശത്തെ ഓട്ടോ സ്റ്റാൻഡിലുണ്ടായിരുന്ന തൊഴിലാളിയെയുമടക്കം ആക്രമിക്കുകയായിരുന്നു. വൈകുന്നേരമാകുന്നതോടെ പത്തോളം നായ്ക്കളാണ് നഗരത്തിലെ പ്രധാന കവലകളില്‍ തമ്പടിക്കുന്നത്.
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിയ അഞ്ചുവയസ്സുകാരിക്കും തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. തെരുവുനായ ശല്യത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം.