ബാലഗോകുലം ശോഭായാത്രയിൽ പങ്കെടുത്ത് മുഹമ്മദ് ഷിയാസ് MLA; വിമർശനവുമായി യൂത്ത് കോൺഗ്രസ്




കൊച്ചി : ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മുഹമ്മദ് ഷിയാസ് പങ്കെടുത്തതിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍. വര്‍ഗീയതയോടും സംഘപരിവാര്‍ അജണ്ടകളോടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന പ്രസ്ഥാനമായ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ആര്‍എസ്എസ് പരിപാടില്‍ പങ്കെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന അതേ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ജനപ്രതിനിധികള്‍, ഇപ്പോള്‍ ആര്‍എസ്എസ് പോഷക സംഘടനയുടെ കൊടിക്കുകീഴില്‍ പ്രത്യക്ഷപ്പെടുന്നത് ഒട്ടും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ദുല്‍ഖിഫില്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടങ്ങളെയും പാര്‍ട്ടിയുടെ മതേതര നിലപാടുകളെയും തള്ളിപ്പറയുന്നതിനും ഒറ്റുകൊടുക്കുന്നതിനും തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി ശക്തമായ പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാരായ ജനപ്രതിനിധികളോട് വിശദീകരണം ചോദിക്കാനും കെപിസിസി തയ്യാറാകണമെന്നും ദുല്‍ഖിഫില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
Previous Post Next Post