അബുദാബി • എണ്ണ ഉൽപാദക രാജ്യമായ യുഎഇയിൽ പെട്രോൾ വില ഇന്ത്യയിലേതിനേക്കാൾ ഉയർന്നു. ഇതോടെ ജീവിത ചെലവും വർധിക്കും. ഒക്ടോബർ 1 മുതൽ സൂപ്പർ 98 പെട്രോൾ ലീറ്ററിന് 4.40 ദിർഹമായി. ഇന്നലത്തെ വിനിമയനിരക്കു പ്രകാരം ഏകദേശം 115 രൂപ വരും. കൊച്ചിയിൽ ഇന്നലെ ഒരു ലീറ്റർ പെട്രോളിന് 113.66 രൂപയായിരുന്നു. അതായത് യുഎഇയിലെ സൂപ്പർ 98ന് കൊച്ചിയിലേതിനേക്കാൾ ലീറ്ററിന് ഏകദേശം 1.30 രൂപ കൂടുതൽ.
പുതിയ നിരക്ക് നിലവിൽ വന്നതോടെ യുഎഇയിൽ പെട്രോൾ-ഡീസൽ വില ലീറ്ററിന് 4 ദിർഹം കടന്നു. സെപ്റ്റംബറിൽ 3.80 ദിർഹമായിരുന്ന സൂപ്പർ 98-നാണ് ഒറ്റയടിക്ക് 60 ഫിൽസ് വർധന. സ്പെഷൽ 95ന് 4.28 ദിർഹവും ഇ-പ്ലസ് 91ന് 4.21 ദിർഹവുമാണ് നിരക്ക്.
ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വിലയിലെ വ്യത്യാസം കൂടുതൽ ശ്രദ്ധേയമാകുന്നത് യുഎഇ എണ്ണ ഉൽപാദക രാജ്യമായതിനാലാണ്. എന്നാൽ ഇരു രാജ്യങ്ങളിലെയും ഇന്ധനവില നിശ്ചയിക്കുന്ന രീതിയും നികുതിയും വിപണി ഘടനയും വ്യത്യസ്‌തമാണ്. ഇന്ത്യ അസംസ്കൃത എണ്ണയുടെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും പമ്പിലെ അന്തിമ വിലയിൽ നികുതികൾ ഉൾപ്പെടെ വിവിധ ഘടകങ്ങൾ സ്വാധീനം ചെലുത്തുന്നു.
ഇതേസമയം ഇന്നലെ തന്നെ ഫുൾ ടാങ്ക് നിറച്ച് വില വർധനയിൽനിന്ന് താൽക്കാലിക രക്ഷ നേടാനായി പല പമ്പുകളിലും വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു.
ചിലയിടങ്ങളിൽ ഒരു മണിക്കൂറിലേറെ കാത്തുനിന്ന ശേഷമാണ് ഇന്ധനം നിറയ്ക്കാനായത്. 2022ന് ശേഷം ആദ്യമായാണ് യുഎഇയിൽ പെട്രോൾ വില വീണ്ടും 4 ദിർഹം കടക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് 2022 ഫെബ്രുവരിയിലാണ് ആദ്യമായി ഈ പരിധി മറികടന്നത്. 2022 ഫെബ്രുവരിയിലാണ് ആദ്യമായി ഈ പരിധി മറികടന്നത്. 2022 ജൂലൈയിലായിരുന്നു ഇതിന് മുൻപത്തെ ഏറ്റവും ഉയർന്ന നിരക്ക്. അന്ന് സൂപ്പർ 98ന് 4.63 ദിർഹവും സ്പെഷൽ 95ന് 4.52 ദിർഹവുമായിരുന്നു.