കൊച്ചി: ചേരാനെല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ വലിയ വഴിതിരിവ്. വാഹന ഉടമയായ അഡീഷണൽ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് ജഡ്ജിയും കുട്ടിയുടെ പിതാവുമായ ഉടമയ്ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് അമിതവേഗതയിലെത്തിയ ബെൻസ് കാർ ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജയബാലകൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തിന് പിന്നാലെ 17 കാരനായ കാർ ഓടിച്ച കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
എന്നാൽ കേസിൽ നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരമായി കാറോടിക്കുന്ന ആളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ ഇടുന്നതിനായി അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ ‘റീൽ’ ചിത്രീകരിക്കാനാണ് ഇവർ രാത്രി വൈകി വാഹനവുമായി ഇറങ്ങിയത്.
അപകടത്തിന് തൊട്ടുമുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും അമിതവേഗതയ്ക്കും പ്രതിക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ടിലെ 181, 183 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കൂടാതെ, പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.
ജഡ്ജിക്കെതിരെയുള്ള തുടർനടപടികൾ ഇന്ന് ഉണ്ടായേക്കും.