പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ‘ജൻ സുരാജ്’ പാർട്ടിയുടെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മാനേജർ ദേവ്പാലിക് ഗുപ്തയെ (31) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിൻ യാത്രക്കിടെ കാണാതായ അദ്ദേഹത്തിന്റെ മൃതദേഹം ജാർഖണ്ഡിലെ വനമേഖലയിൽ നിന്നുമാണ് കണ്ടെത്തിയത്. റാഞ്ചിയിൽ നിന്ന് പട്നയിലേക്കുള്ള യാത്രയ്ക്കിടെ ജൻശതാബ്ദി എക്സ്പ്രസിലായിരുന്നു സംഭവം.
യാത്ര ആരംഭിച്ച് ഏകദേശം 10 മിനിറ്റിന് ശേഷം, ഗുപ്ത തന്നോട് പാൻട്രി കാറിലേക്ക് പോവുകയാണെന്ന് പറഞ്ഞതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗൗതം കുമാർ പ്രതികരിച്ചു. എന്നാൽ പിന്നീട് അദ്ദേഹം സീറ്റിലേക്ക് തിരികെ എത്തിയില്ല. തുടർന്ന് ട്രെയിൻ മുഴുവനായും പരിശോധിച്ചെങ്കിലും ദേവ്പാലിക്കിനെ കണ്ടെത്താനായില്ല.
പിന്നാലെ ലോക്കൽ പൊലീസും റെയിൽവേ അധികൃതർ അന്വേഷണം ഊർജിതമാക്കി. ഇതിനിടെയാണ് റാഞ്ചിക്ക് സമീപമുള്ള വനമേഖലയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണം നടക്കുമ്പോൾ ഗുപ്തയുടെ ഫോൺ സ്വിച്ച് ഓഫുമായിരുന്നു. റാഞ്ചി കഴിഞ്ഞാൽ മുരിയാണ് അടുത്ത സ്റ്റോപ്പ്. എന്നാൽ സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഗുപ്ത മുരിയിൽ ഇറങ്ങിയതായി കണ്ടെത്താനായില്ല. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഗുപ്ത ട്രെയിനിൽ നിന്ന് ഇറങ്ങിയിട്ടില്ലെന്ന് മുരി ജങ്ഷനിലെ ആർപിഎഫ് ഇൻസ്പെക്ടർ സഞ്ജീവ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ഗുപ്ത ട്രെയിനിൽ നിന്ന് കാൽ തെന്നി താഴെ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഗുപ്തയുടെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ജൻ സുരാജ് ദേശീയ വക്താവ് കുമാർ സൗരഭ് സിങ് ആവശ്യപ്പെട്ടു. നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യപ്പെടുകയും ചെയ്തു