വിമാനദുരന്തം തടഞ്ഞത് ഇന്ത്യന്‍ വംശജനായ പൈലറ്റ്; മുംബൈ സ്വദേശി...



ന്യൂഡല്‍ഹി : ദുബൈയില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബൈ യാത്രാ വിമാനത്തില്‍ അപകടം ഒഴിവാക്കിയത് ഇന്ത്യന്‍ വംശജനായ പൈലറ്റിന്റെ ഇടപെടല്‍. വിമാനം സഹപൈലറ്റ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ് അപകടം ഒഴിവാക്കിയത് ഇന്ത്യക്കാരനായ സ്മിത് മച്ചാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ വംശജനായ പൈലറ്റ് തടഞ്ഞതായി ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.ഫ്‌ലൈ ദുബായുടെ ബോയിങ് 737 വിമാനത്തിലാണ് സംഭവം നടന്നത്. സഹപൈലറ്റ് പൈലറ്റിനെ കുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 180ഓളം ഇസ്രയേല്‍ യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാര്‍ ഇസ്രയേലില്‍ തിരിച്ചെത്തിയ ശേഷം സുരക്ഷാ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിക്കും.

സംഭവത്തില്‍ സ്മിത് മച്ചാറെയും സഹപൈലറ്റിനെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ലഭ്യമായിട്ടില്ല. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം 2022 ജൂണ്‍ മുതല്‍ ഫ്‌ലൈ ദുബൈയുടെ ബോയിങ് 737 വിഭാഗത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു വരികയാണ് സ്മിത് മച്ചാര്‍. അതിനുമുമ്പ് മുംബൈയിലെ സ്‌പൈസ് ജെറ്റില്‍ 11 വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെ സീനിയര്‍ കമാന്‍ഡറായും 2020 നവംബര്‍ മുതല്‍ മറ്റ് പൈലറ്റുമാരുടെ പരിശീലകനായും ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോയിങ് 737-800, 737 മാക്‌സ് 8, 9 എന്നീ വിമാനങ്ങളില്‍ 9,750 മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ട്.
Previous Post Next Post