മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച എം.വിജിൻ എംഎൽഎക്ക് വിമർശനം







നടൻ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ എംഎൽഎക്ക് വിമർശനം. സഖാവ് റഫീഖിനെ മറന്നോ എന്നും റഫീഖ് സഖാവ് കഴിഞ്ഞിട്ടേ ഉള്ളു തങ്ങൾക്ക്‌ മമ്മൂട്ടിയെന്നും കമൻറുകൾ പറയുന്നു. ’50 വർഷത്തെ അനുഭവ സമ്പത്തുള്ള 25കാരൻ’ എന്ന അടിക്കുറിപ്പോടെയാണ് വിജിൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഈ ഫോട്ടോയുടെ താഴെയാണ് അണികളുടെ വിമർശനം. പാർട്ടിയും പാർട്ടിയുടെ ജില്ലാ സെക്രട്ടറിയും കഴിഞ്ഞിട്ട് മതി ഏത് ബല്യ സിനിമ നടനും, വേണ്ടായിരുന്നു സഖാവേ, രക്തസാക്ഷികളാണ് താരം. ഞങ്ങൾക്ക് അതേ അറിയൂ എന്നിങ്ങനെ കമൻറുകൾ നിറയുകയാണ്.

കഴിഞ്ഞ വർഷം വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ല സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി മാറി നിൽക്കാൻ പറഞ്ഞത് വലിയ വിവാദമായിരുന്നു. ‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. സംഭവത്തിൽ കെ. റഫീഖ് അടുത്ത ദിവസം വിശദീകരണം നൽകിയിരുന്നു. മനഃപൂർവം തന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞെന്നും ഫോണിൽ വിളിച്ച് സംസാരിച്ചെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്
തന്റെ ഇടപെടലുകളിൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി തന്നോട് പങ്കുവെച്ചതെന്നും റഫീഖ് പറഞ്ഞിരുന്നു. മമ്മൂട്ടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇടതു പ്രൊഫൈലുകളിൽ നിന്നുണ്ടായത്. ഇതിന് പിന്നാലെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. മഹാനടനെ മനസിലാക്കാത്തവരാണ് സൈബർ ആക്രമണം നടത്തിയത്. നന്മ മാത്രം വിചാരിച്ച് ചെയ്ത പ്രവൃത്തി ആയിരുന്നു ആ യാത്രയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
أحدث أقدم