തിരഞ്ഞെടുപ്പ് പരാജയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ്. വരുന്ന ലോക്സഭ – നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്താൻ തയ്യാറാകണമെന്ന് പവൻ ഖേര. എസ്ഐആർ മരവിപ്പിക്കണമെന്നും ഗ്യാനേഷ് കുമാറിനെ പുറത്താക്കി നിയമപരിരക്ഷ പിൻവലിക്കണമെന്നും ആവശ്യം. ഈ നടപടികൾ സ്വീകരിക്കുന്നത് വരെ മോദിയുടെ അവകാശവാദങ്ങൾ പൊള്ളയായ വാചകക്കസർത്ത് മാത്രമെന്ന് ഖേര മറുപടി നൽകി. എംഎൽസി തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും കിട്ടാത്തതിൽ മോദി കോൺഗ്രസിനെ പരിഹസിച്ചിരുന്നു.
ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്ര സീറ്റുകൾ നേടിയെന്ന് ഊഹിക്കാമോ എന്നായിരുന്നു മോദിയുടെ പരിഹാസം. ഭാവിയിൽ നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളും ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്തണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.