സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രതിരോധ മന്ത്രാലയത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ. ആക്രമണത്തിൽ മിസൈൽ കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചെന്നാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീയുടെ അവകാശവാദം.
അതേസമയം, ഹൂതികൾ വിക്ഷേപിച്ച രണ്ട് മിസൈലുകൾ തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി സൗദി നേരത്തെ അറിയിച്ചിരുന്നു.
ചൊവ്വാഴ്ച റിയാദിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
സൗദിയുടെ പ്രതിരോധ സംവിധാനങ്ങൾ രണ്ട് മിസൈലുകൾ തകർത്തതായി അറിയിച്ചതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രാലയത്തിനു നേരെ നേരിട്ടുള്ള ആക്രമണം നടത്തിയെന്ന ഹൂതികളുടെ അവകാശവാദം പുറത്തുവന്നത്.