കേരളത്തിൽ ഇന്ന് പോളിയോ തുള്ളിമരുന്ന് വിതരണം ; 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് വാക്സിൻ ! നാല് ജില്ലകളെ ഒഴിവാക്കി


തിരുവനന്തപുരം: സംസ്ഥാനത്ത് പൾസ് പോളിയോ പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും.

12.92 ലക്ഷം കുഞ്ഞുങ്ങൾക്കാണ് വാക്സിൻ നൽകാൻ ലക്ഷ്യമിടുന്നത്. എന്നാൽ സംസ്ഥാനത്തെ നാല് ജില്ലകളെ ഇത്തവണത്തെ വിതരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇത്തവണ പോളിയോ തുള്ളിമരുന്ന് വിതരണം നടക്കാത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ‘സബ് നാഷണൽ ഇമ്യൂണൈസേഷൻ ഡേ’ പട്ടികയിൽ ഈ ജില്ലകൾ ഉൾപ്പെടാത്തതാണ് കാരണം. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.

ജനസംഖ്യാ അനുപാതം പരിഗണിച്ച് നാല് ജില്ലകളെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല.

സംസ്ഥാനത്തെ 10 ജില്ലകളിലായി 13,453 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 26,906 സന്നദ്ധപ്രവർത്തകർ കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, സ്കൂളുകൾ, വായനശാലകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് ബൂത്തുകൾ പ്രവർത്തിക്കുക.

യാത്രയ്ക്കിടെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായി 373 ട്രാൻസിറ്റ് ബൂത്തുകളും 149 മൊബൈൽ ബൂത്തുകളും ഏഴ് ഉത്സവ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ഇന്ന് ബൂത്തുകളിൽ എത്താത്ത കുട്ടികളെ കണ്ടെത്തി നവംബർ 23, 24 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും.


أحدث أقدم