കല്യാണത്തിന് എത്തിയ കാർ റോഡിൽ തീ തുപ്പി… 20-കാരനെതിരെ കേസ്



ഓയൂർ: റോഡിലൂടെ തീ തുപ്പി ജനങ്ങളിൽ ഭീതിപരത്തിയ കാർ പൂയപ്പള്ളി പോലീസ് പിടിച്ചെടുത്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 20-കാരനെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പൂയപ്പള്ളി നാൽക്കവല മേലേവിള ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ചാത്തന്നൂർ കല്ലുവാതുക്കൽ ഭാഗത്തുനിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ സംഘത്തിൽപ്പെട്ട കാറാണ് റോഡിൽ തീ തുപ്പി പരിഭ്രാന്തി സൃഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ നടയ്ക്കൽ ഷിബു മന്ദിരത്തിൽ കെവിൻ ഷിബു (20)വിനെതിരെയാണ് പോലീസ് കേസെടുത്തത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച് ജനങ്ങളിൽ ഭീതിപരത്തിയതിനുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി. പിടിച്ചെടുത്ത കാർ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരം മോട്ടോർ വാഹനവകുപ്പ് അധികൃതർക്കും കൈമാറിയിട്ടുണ്ട്.

Previous Post Next Post