വണ്ടൂർ: പത്തുവയസ്സുകാരിയെ 70-കാരൻ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ച കേസിൽ 46-കാരൻ അറസ്റ്റിൽ. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ച് വീടിന് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ചാണ് വിജയകുമാർ എന്നയാൾ കുട്ടിയെ പീഡിപ്പിച്ചത്. സംഭവസമയത്ത് അയൽവാസിയായ നൗഫൽ കുട്ടിയെ വിജയകുമാർ കൊണ്ടുപോകുന്നത് കണ്ടിരുന്നു.
തുടർന്ന് ഒളിച്ചിരുന്ന് പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ സ്വന്തം ഫോണിൽ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് വിജയകുമാറിനെ ഈ മാസം 11-ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്. കേസിന്റെ തുടർ അന്വേഷണത്തിനിടെയാണ് നൗഫൽ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച വിവരം പൊലീസിന് ലഭിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പീഡനദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിനും വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതിരുന്നതിനുമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. വണ്ടൂർ സി.ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്