കോഴിക്കോട്: കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരായ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിഭാഗം തങ്ങൾക്കെതിരെ നടത്തുന്ന സമ്മർദ തന്ത്രങ്ങൾക്ക് ഇനി വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ് നേതൃത്വം. വിഷയത്തിൽ ഹൈക്കമാൻഡ് തലത്തിൽ തന്നെ ഇടപെടൽ ഉറപ്പാക്കാനുള്ള നീക്കങ്ങളും ലീഗ് ആരംഭിച്ചു. ദേശീയ തലത്തിൽ ബിജെപി സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും നടന്ന പ്രതിഷേധങ്ങളിൽ മുസ്ലീം ലീഗിന് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നാണ് ലീഗിന്റെ പ്രധാന പരാതി.
കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലീഗ് നേതൃത്വം നേരിട്ട് പരാതി നൽകിയതായാണ് വിവരം. പരാതിക്ക് പിന്നാലെ രാഹുൽ ഗാന്ധി മുസ്ലീം ലീഗ് നേതൃത്വത്തെ ഫോണിൽ ബന്ധപ്പെടുകയും നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങൾ തേടുകയും ചെയ്തു. അതേസമയം, കെ.സി. വേണുഗോപാൽ പക്ഷത്തുള്ള നേതാക്കളോട് രാഷ്ട്രീയമായി തിരിച്ചടിക്കാനാണ് ലീഗിന്റെ നീക്കം. എ.പി. അനിൽകുമാർ, ടി. സിദ്ദിഖ് തുടങ്ങിയ മന്ത്രിമാരെയും എംഎൽഎമാരെയും ലീഗിന്റെ പരിപാടികളിലേക്ക് ക്ഷണിക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം. കോൺഗ്രസിലെ ആഭ്യന്തര തർക്കം യുഡിഎഫിനുള്ളിലും പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.